Featured post

250 രൂപയില്ല; ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിക്കാൻ മോഹിച്ച ഇർഫാൻ താരമായത് സിനിമയിൽ!




മുംബൈ∙ ക്രിക്കറ്റ് താരമായി മാറി ഇന്ത്യയുടെ വിഖ്യാതമായ നീല ജഴ്സിയണിയണമെന്നു മോഹിച്ച്, പിന്നീട് ഹോളിവുഡിൽ ഉൾപ്പെടെ അഭിനയ കലയുടെ ഇന്ത്യൻ മുഖമായി വളർന്ന സൂപ്പർതാരമാണ് ബുധനാഴ്ച അന്തരിച്ച ഇർഫാൻ ഖാൻ. ചെറുപ്പത്തിൽ മികച്ച ക്രിക്കറ്റ് താരമായിരുന്ന ഇർഫാന്, ഇന്ത്യൻ ജഴ്സിയെന്ന സ്വപ്നസാഫല്യത്തിലേക്കുള്ള യാത്രയിൽ വിലങ്ങുതടിയായത് വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും. ബോളിവുഡിൽ മിന്നുംതാരമായി വിലസിയിരുന്ന കാലത്തുതന്നെയാണ് ക്രിക്കറ്റ് താരമാകാനായിരുന്നു ചെറുപ്പത്തിൽ മോഹിച്ചതെന്ന് ഇർഫാൻ തുറന്നുപറഞ്ഞത്.





ഇന്ത്യയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള ചവിട്ടുപടിയായ അണ്ടർ 23 താരങ്ങൾക്കുള്ള സി.കെ. നായിഡു ട്രോഫിക്കുള്ള ടീമിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്രയുമായിട്ടും ദാരിദ്ര്യമാണ് ക്രിക്കറ്റിൽനിന്ന് അദ്ദേഹത്തെ വഴിമാറ്റിവിട്ടത്. ഓള്‍റൗണ്ടറായിരുന്നെങ്കിലും ബോളിങ്ങിനേക്കാൾ പ്രിയം ബാറ്റിങ്ങിനോടായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ ഇർഫാൻ ഖാൻ വെളിപ്പെടുത്തിയിരുന്നു.





‘എന്റെ ക്യാപ്റ്റന് എന്റെ ബോളിങ്ങായിരുന്നു കൂടുതൽ ഇഷ്ടം. അതുകൊണ്ട് അദ്ദേഹമെന്നെ ബോളറാക്കി. പരിശീലിക്കുന്ന സമയത്ത് ‘നല്ലൊരു പന്തെറിയൂ’ എന്ന് അദ്ദേഹം ആവശ്യപ്പെടും. ഞാനെറിയും. മത്സരങ്ങളിൽ ബോൾ ചെയ്യുമ്പോൾ മിക്കപ്പോഴും വിക്കറ്റും കിട്ടിയിരുന്നു’ – ഇർഫാൻ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.


‘സി.കെ. നായിഡു ട്രോഫിക്കുള്ള ടീമിലേക്ക് എനിക്ക് സിലക്ഷൻ കിട്ടിയതാണ്. വീട്ടിലെ അവസ്ഥ വച്ച് കളിക്കാൻ പോകാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. പലപ്പോഴും കള്ളം പറഞ്ഞാണ് കളിക്കാൻ പോയിരുന്നത്. തിരികെ വരുമ്പോൾ എവിടെയായിരുന്നുവെന്ന് വീട്ടുകാർ അന്വേഷിക്കും. അപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞ് തടിതപ്പും. ക്രിക്കറ്റുമായി മുന്നോട്ടുപോകാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല വീട്ടിലേത്’ – ഇർഫാൻ ഖാൻ പറഞ്ഞു



‘സി.കെ. നായിഡു ട്രോഫിയിൽ കളിക്കാൻ ജയ്പുരിൽനിന്ന് അജ്മേറിലേക്ക് പോകേണ്ടിയിരുന്നു. അവർക്കൊപ്പം പോകാൻ 200–250 രൂപയായിരുന്നു ചെലവ്. ആ പണം എനിക്ക് കണ്ടെത്താനായില്ല. അന്ന് ആ നിമിഷം ക്രിക്കറ്റുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു’ – ഇർഫാൻ പറഞ്ഞു.


എന്തായാലും ക്രിക്കറ്റിന്റെ നഷ്ടം ഇന്ത്യൻ സിനിമയുടെ നേട്ടമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ക്രിക്കറ്റ് സ്വപ്നം വഴിയിൽ ഉപേക്ഷിച്ച ഇർഫാൻ പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലൂടെ അഭിനയത്തിന്റെ ക്രീസിലേക്കു കൂടുമാറുകയും ചെയ്തു. ചലച്ചിത്രലോകത്തും മൈതാനത്തുനിന്നുള്ള കഥയാണ് ഇർഫാന് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. ഇന്ത്യയുടെ സ്റ്റീപ്പിൾ ചെയ്സ് ചാംപ്യൻ പാൻ സിങ് തോമറിന്റെ ജീവിതം ആസ്പദമാക്കി അതേ പേരിൽ 2012ൽ സിനിമയൊരുക്കിയപ്പോൾ നായകസ്ഥാനത്ത് ഇർഫാനായിരുന്നു. ആ വർഷം മികച്ച നടനൊപ്പം മികച്ച ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരം സിനിമ സ്വന്തമാക്കി.


സ്റ്റീപ്പിൾ ചെയ്സിൽ ഏഴു തവണ ദേശീയ ചാംപ്യനായിരുന്നു പാൻ സിങ്. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ദേശീയ ചാംപ്യനിൽനിന്ന് ചമ്പലിലെ കൊള്ളക്കാരനായി മാറിയ പാൻ സിങ്ങിന്റെ ജീവിതം തിരശ്ശീലയിലെത്തിയപ്പോൾ കഥാപാത്രത്തെ ജീവസ്സുറ്റതാക്കാൻ ദീർഘദൂര ഓട്ടത്തിലും ഇർഫാൻ പരിശീലനം നേടിയിരുന്നു. ഡ്യൂപ്പിനെ വയ്ക്കാമെന്നു സംവിധായകൻ പറഞ്ഞപ്പോഴും എത്ര ദൂരം വേണമെങ്കിലും ഓടാൻ തയാറായിസ്റ്റീപ്പിൾ ചെയ്സിൽ ഏഴു തവണ ദേശീയ ചാംപ്യനായിരുന്നു പാൻ സിങ്. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ദേശീയ ചാംപ്യനിൽനിന്ന് ചമ്പലിലെ കൊള്ളക്കാരനായി മാറിയ പാൻ സിങ്ങിന്റെ ജീവിതം തിരശ്ശീലയിലെത്തിയപ്പോൾ കഥാപാത്രത്തെ ജീവസ്സുറ്റതാക്കാൻ ദീർഘദൂര ഓട്ടത്തിലും ഇർഫാൻ പരിശീലനം നേടിയിരുന്നു. ഡ്യൂപ്പിനെ വയ്ക്കാമെന്നു സംവിധായകൻ പറഞ്ഞപ്പോഴും എത്ര ദൂരം വേണമെങ്കിലും ഓടാൻ തയാറായിമുന്നോട്ടുവരികയായിരുന്നു അദ്ദേഹം. അഭിനയിച്ച എല്ലാ സിനിമകളെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ സമീപിച്ച ഇർഫാന്റെ ജീവിതയാത്ര മാത്രമാണു നിലച്ചിരിക്കുന്നത്. ജനഹൃദയങ്ങളിലെ തിരശ്ശീലയിൽ ഇടവേളകളില്ലാതെ എത്രയോ കാലം ആ യാത്ര ഇനിയും തുടരാനിരിക്കുന്നു